Tuesday, May 17, 2005

ശിഥില ചിന്തകള്‍ (Alexander Pushkin)

പ്രശസ്ത റഷ്യന്‍ കവിയായ അലക്സാണ്ടര്‍ പുഷ്കിന്റെ ശീര്‍ഷകമില്ലാത്ത ഒരു കവിതയുടെ മലയാളപരിഭാഷ (1988):

കോലാഹലമയമാകും തെരുവിലലയുമ്പൊഴു-
മാളുതിങ്ങുമമ്പലത്തില്‍ കയറുമ്പൊഴും
കൂട്ടുകാരോടൊത്തു മേളിച്ചിടുന്നൊരു സമയത്തും
വേട്ടയാടുകയാണെന്റെ കിനാക്കളെന്നെ.

ഇത്രമാത്രം പറയുന്നേന്‍ : കുതിക്കുന്നു സമയമി-
ന്നെത്ര പേരിങ്ങവശേഷിച്ചിരിപ്പു നമ്മള്‍?
ചിലരാ ശാശ്വദപദമണഞ്ഞുകഴിഞ്ഞു, മറ്റു
ചിലരുടെ സമയമൊട്ടടുത്തിടുന്നു.

തഴച്ചു വളര്‍ന്നൊറ്റയ്ക്കു നിലകൊള്ളും മരത്തിനെ
മിഴിച്ചു നോക്കുന്നു ഞാന്‍; ഈ വൃക്ഷമുത്തച്ഛന്‍
എന്‍ പിതാക്കളുടെ കാലത്തിതുപോലെ നിലകൊണ്ടാന്‍,
എന്റെ കാലം കഴിഞ്ഞാലുമിതേ നില താന്‍!

ഓമനയാമൊരു കുഞ്ഞിനോടു ചേര്‍ന്നു കളിക്കുന്ന
നേരത്തു ഞാന്‍ വിചാരിപ്പൂ :- "വിട നല്‍ക നീ,
നിനക്കു വേണ്ടി ഞാന്‍ വഴിയൊഴിയുന്നു, സമയമാ-
യെനിക്കഴുകാന്‍, നിനക്കു വിടരുവാനും."

ദിനങ്ങളും വര്‍ഷങ്ങളുമോരോന്നായിക്കടന്നുപോ-
യിടുമ്പൊഴെന്‍ ചിന്തകളും കുന്നുകൂടുന്നു.
അവയ്ക്കിടയിലെത്തുന്ന മരണവാര്‍ഷികങ്ങളെ
ശരിക്കു കണ്ടെത്താനേറെപ്പണിപ്പെടുന്നു.

എവിടെ മരിച്ചുവീഴാനാണെനിക്കു വിധി? യുദ്ധ-
ക്കളത്തിലോ, വഴിയിലോ, സമുദ്രത്തിലോ?
അടുത്തുള്ള താഴ്‌വരയില്‍ ചിലപ്പോഴെന്‍ ശരീരത്തെ-
യടക്കിയേക്കാം - തണുത്തു പൊടിയായേക്കാം.

എങ്ങുതന്നെയായെന്നാലും നിര്‍ജ്ജീവമാമീ ശരീരം
മണ്ണായ്ത്തീരുമളിഞ്ഞീടുമെന്നിരിക്കിലും
എനിക്കു പ്രിയങ്കരമാമീയൂഴിയില്‍ത്തന്നെയെനി-
ക്കൊടുക്കവും കിടക്കണമെന്നാണാഗ്രഹം.

എന്റെ ശവകുടീരത്തിന്‍ മുകളില്‍ യഥേഷ്ടമേറെ-
പ്പിഞ്ചുകുഞ്ഞുങ്ങള്‍ ചാഞ്ചാടിക്കളിച്ചിടട്ടെ;
എന്നും സമദര്‍ശിയാകും പ്രകൃതിയാ പ്രദേശത്തെ
തന്‍ പ്രഭയില്‍ കുളിപ്പിച്ചു വിളങ്ങിടട്ടെ.

0 Comments:

Post a Comment

<< Home