Thursday, May 19, 2005

മാറ്റൊലി (അലക്സാണ്ടര്‍ പുഷ്കിന്‍)

അലക്സാണ്ടര്‍ പുഷ്കിന്റെ അധികം പ്രശസ്തമല്ലാത്ത "എക്കോ" എന്ന കവിതയുടെ പരിഭാഷ (1989).

ഈ കവിത ഇന്റര്‍നെറ്റില്‍ കണ്ടുപിടിക്കാന്‍ ഞാന്‍ കുറേ ശ്രമിച്ചു. റഷ്യന്‍ മൂലകവിത എങ്ങുമില്ല. ഒരു ഇംഗ്ലീഷ്‌ പരിഭാഷ ഇവിടെ കാണാം.

മൂലകവിതയിലെ അല്‍പവ്യത്യാസം മാത്രമുള്ള രണ്ടു വൃത്തങ്ങളെ കൂട്ടിക്കലര്‍ത്തിക്കൊണ്ടുള്ള അന്തരീക്ഷം ഉണ്ടാക്കാന്‍ വിയോഗിനിവൃത്തത്തിലെ വിഷമ-സമപാദങ്ങളൂടെ ലക്ഷണങ്ങള്‍ വേര്‍തിരിച്ചെടുത്തുപയോഗിച്ച ഒരു വൃത്തപരീക്ഷണം കൂടിയായിരുന്നു ഈ പരിഭാഷ.


ഇടിവെട്ടു മുഴങ്ങിടുമ്പൊഴും,
വനജീവികളാര്‍ത്തിടുമ്പൊഴും,
കുഴലിന്‍ വിളി കേട്ടിടുമ്പൊഴും,
കളവാണികള്‍ പാടിടുമ്പൊഴും,
വ്യതിരിക്തം, ചടുലം, മനോഹരം
പ്രതിശബ്ദം ഗഗനത്തില്‍ നിന്നുമേ
സ്ഫുടമുച്ചത്തിലുതിര്‍ത്തിടുന്നു നീ!

ഇടി തന്നുടെ ഞെട്ടല്‍, കാറ്റു തന്‍
രുദിതം, പൊടിയുന്ന പാറ തന്‍
പതനം, നിജ ഗോക്കളേ വിളി-
ച്ചിടുവോരിടയന്റെ സംഭ്രമം,
ഇവ കൈക്കൊണ്ടതിനുത്തരം ഭവാ -
നുടനേ നല്‍കിലു, മാരുമേകിടാ
തിരികെപ്പിന്നതു, മത്സഖേ, കവേ!

Wednesday, May 18, 2005

Robert Frost : Miles to go...

Malayalam translation (1979) of the famous poem Stopping by Woods on a Snowy Evening by Robert Frost.

This is one of my two earliest full translations. I translated this poem and Tagore's "Where the mind is without fear..." while studying in the 9th standard. The translation is not that good (and I remember I took a lot of pain to do this!) mainly because of my strong affinity towards Sanskrit meters that time.

This poem has a lot of good translations in Malayalam. If anybody knows any of those, please post.

മഞ്ഞു മൂടിയ സന്ധ്യയില്‍ വനത്തിന്‍ ചാരെ നില്‍ക്കവേ

അറിഞ്ഞിടുന്നെന്നു നിനപ്പു മുന്നില്‍-
ക്കിടക്കുമിക്കാടുടയോനെ നന്നായ്‌
അവന്റെ വീടങ്ങകലത്തു നാട്ടിന്‍-
പുറത്തൊരേതോ വഴിവക്കിലത്രേ;

അതാട്ടെ, യീ മഞ്ഞു പുതച്ചു മേവും
വനത്തിനിന്നുള്ളൊരു ഭംഗി കാണാന്‍
വഴിക്കു ഞാന്‍ വണ്ടി നിറുത്തി നില്‍ക്കും
കിറുക്കു കാണില്ലവനെന്നു തിട്ടം.

ഹിമം നിറഞ്ഞാകെ മരച്ചു കോച്ചും
തടാകമങ്ങേവശ, മിങ്ങു കാടും,
ഇവയ്ക്കിടയ്ക്കാണ്ടിലെയേറ്റമൂക്ക-
നിരുട്ടു ചൂഴുന്നൊരു സന്ധ്യ നേരം

ഒരൊറ്റ വീടിന്നരികത്തു കാണാ-
ത്തിടത്തു നിര്‍ത്തിപ്പരതുന്ന വേല
വിചിത്രമെന്നെന്‍ കുതിരയ്ക്കു തോന്നി-
ത്തുടങ്ങിയെന്നുള്ളതിനില്ല ശങ്ക.

"അബദ്ധമേതാണ്ടു പിണഞ്ഞു പോയോ
സഖേ നിന"ക്കെന്നുരചെയ്തിടും പോല്‍
അവന്‍ കടിഞ്ഞാണ്മണികള്‍ പതുക്കെ-
ക്കിലുക്കി നില്‍ക്കുന്നരികത്തു തന്നെ

അതിന്റെ ശബ്ദത്തെയൊഴിച്ചു വേറേ
ശ്രവിപ്പതാകെപ്പൊഴിയുന്ന മഞ്ഞും
കൊഴിഞ്ഞ പത്രങ്ങളടിച്ചു മാറ്റും
സമീരനും മൂളിന മൂളല്‍ മാത്രം.

മനോഹരം, ശ്യാമ, മഗാധമാണീ
വനാന്തരം സുന്ദര, മെങ്കിലും ഹാ!
എനിക്കു പാലിച്ചിടുവാനനേകം
പ്രതിജ്ഞയുണ്ടിന്നിയു, മെന്റെ മുന്നില്‍

കിടപ്പു കാതങ്ങളനേകമിക്ക-
ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍
കിടപ്പു കാതങ്ങളനേകമിക്ക-
ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍!

Tuesday, May 17, 2005

ചെകുത്താന്റെ ഊഞ്ഞാല്‍ (Fyodor Sologub)

റഷ്യന്‍ കവിയും ഗദ്യകാരനും പരിഭാഷകനുമായിരുന്ന Fyodor Sologub-ന്റെ "ചെകുത്താന്റെ ഊഞ്ഞാല്‍" എന്നും "നശിച്ച ഊഞ്ഞാല്‍" എന്നും അര്‍ത്ഥം പറയാവുന്ന ഒരു മനോഹരകവിതയുടെ മലയാളപരിഭാഷ (1989).

ഇതിന്റെ റഷ്യനിലുള്ള മൂലകവിത എനിക്കു്‌ ഇന്റര്‍നെറ്റില്‍ കിട്ടിയില്ല. (ആര്‍ക്കെങ്കിലും കിട്ടിയാല്‍ അറിയിക്കുക.) റഷ്യന്‍ യൂണിക്കോഡു ടൈപ്പുചെയ്യാനുള്ള വിദ്യ അറിയാനും വയ്യ. ഒരു ഇംഗ്ലീഷ്‌ പരിഭാഷ ഇവിടെ കാണാം.

ഈ കവിത അത്രയേറെ പ്രശസ്തമല്ലെങ്കിലും എനിക്കു വളരെ പ്രിയപ്പെട്ടതാണു്‌.

ഒന്നാമതായി, ആദ്യശ്രമത്തില്‍ത്തന്നെ വലിയ ബുദ്ധിമുട്ടില്ലാതെയും അതേ സമയം മൂലകവിതയുടെ അര്‍ത്ഥഭംഗി ചോര്‍ന്നുപോകാതെയും തര്‍ജ്ജമ ചെയ്യാന്‍ സാധിച്ച ഒരു കവിതയാണിതു്‌.

രണ്ടാമതായി, ജീവിതത്തിന്റെ ഓരോ ഘട്ടവും കടന്നുപോകുമ്പോഴും ഈ കവിതയ്ക്കു കൂടുതല്‍ കൂടുതല്‍ പ്രസക്തി കിട്ടുന്നു. നാം ചെയ്യുന്ന പ്രവൃത്തികളുടെയും ജീവിതവൃത്തികളുടെയും 90%-വും തനിക്കിഷ്ടപ്പെടാത്തതും നിവൃത്തിയില്ലാതെ സാമ്പത്തികലാഭത്തിനോ താത്കാലികസുഖത്തിനോ വേണ്ടി ചെയ്തുകൂട്ടുന്നവയുമല്ലേ? ചെയ്യുന്ന ജോലി, താമസിക്കുന്ന ദേശം, കൊണ്ടുനടക്കുന്ന കൂട്ടുകെട്ടു്‌ അങ്ങനെ പലതും. ഭാവിയെപ്പറ്റി ആലോചിക്കുമ്പോള്‍ ഭയം തോന്നുമെങ്കിലും ഇപ്പോള്‍ പിടിച്ചുതൂങ്ങിയിരിക്കുന്ന ചെകുത്താന്റെ ഊഞ്ഞാലിനെ വിണ്ടും കൂടുതല്‍ മുറുക്കെപ്പിടിക്കുന്നവരല്ലേ നമ്മളിലോരൊരുത്തരും?

അലറുന്ന നദിയുടെ മുകളിലൂ, ടിരുള്‍ മൂടു-
മരയാലിന്‍ ശിഖരങ്ങള്‍ക്കിടയിലൂടെ,
അറപ്പേകും രോമമാകെ നിറഞ്ഞോരു കരം കൊണ്ടു
ചെകുത്താനെന്നൂഞ്ഞാലിനെയുന്തിവിടുന്നു.

മുന്നിലേക്കും, പുറകോട്ടും - മുന്നിലേക്കും, പുറകോട്ടും -
എന്നെയുന്തിയട്ടഹസിക്കുന്നു ചെകുത്താന്‍
ഇളകി മുറിഞ്ഞു പോകുന്നിരിക്കും പലക, കുറ്റി-
ച്ചെടിയിലുരഞ്ഞു കയറിഴപിഞ്ചുന്നു.

വളയുന്നു, വിണ്ടുകീറിത്തുടങ്ങുന്നു പലക, യി-
ന്നിളകുന്നിതാ താഴേയ്ക്കും മുകളിലേക്കും.
അലറിച്ചിരിച്ചുകൊണ്ടു ചെകുത്താനാപ്പലക ത-
ന്നിരുവശത്തും പിടിച്ചു കുലുക്കിടുന്നു

മുന്നിലേക്കും, പുറകോട്ടും - മുന്നിലേക്കും, പുറകോട്ടും -
തെന്നിത്തെറിച്ചൂഞ്ഞാലാടിയുലഞ്ഞിടുന്നു.
താഴെനില്‍ക്കും പിശാചിനെ ഭീതികൊണ്ടു നോക്കിടാതെ
ഞാനിതിലിളകിയാടിപ്പിടിച്ചിരിപ്പൂ.

അരയാലിന്‍ മുകളിലൂടാടിപ്പോകെ, നീലവാനിന്‍
പുറകില്‍ നിന്നൊരു സ്വരം ഹസിച്ചു ചൊല്‍വൂ :
"ഒരിക്കല്‍ നീയിരുന്നു പോയീയൂഞ്ഞാലില്‍ - ഇനിയിതി-
ലിരിക്കുക നിന്റെ വിധി - ചെകുത്താനൊപ്പം!"

അരയാലിന്നിരുള്‍ മൂടിക്കിടക്കുന്ന നിഴലില്‍ നി-
ന്നൊരു നൂറു ശബ്ദമൊന്നിച്ചിങ്ങനെ കേട്ടൂ :
"ഒരിക്കല്‍ നീയിരുന്നു പോയീയൂഞ്ഞാലില്‍ - ഇനിയിതി-
ലിരിക്കുക തന്നെ വിധി - ചെകുത്താനൊപ്പം!"

ചീറിപ്പായുമൂഞ്ഞാലിന്റെ പടിമേലെപ്പിടിത്തമീ
ക്രൂരന്‍ ചെകുത്താന്‍ വിടില്ലെന്നറിയുന്നു ഞാന്‍
പടിയില്‍ നിന്നൊരിക്കല്‍ ഞാനിടിയേറ്റ പോലെ തെറ്റി-
പ്പിടിവിട്ടു ഹന്ത! താഴെപ്പതിക്കും വരെ -

കയറിന്റെയവസാനയിഴകളൊടുക്കം പൊട്ടി-
ച്ചിതറിയീപ്പടി നിലംപതിക്കും വരെ -
എന്റെ സ്വന്തം നാടു മേലോട്ടുയര്‍ന്നുവന്നൊരു നാളി-
ലെന്നെയവസാനമായിപ്പുണരും വരെ -

അവസാനമിടിയേറ്റു മരത്തിനും മുകളിലേ-
ക്കുയരും ഞാന്‍, തലകുത്തി താഴേയ്ക്കു വീഴും
എങ്കിലും മുകളിലേക്കു തന്നെയെനിക്കേറെയിനി-
പ്പൊന്തണം - ഇനിയുമെന്നെയുന്തൂ പിശാചേ!

ശിഥില ചിന്തകള്‍ (Alexander Pushkin)

പ്രശസ്ത റഷ്യന്‍ കവിയായ അലക്സാണ്ടര്‍ പുഷ്കിന്റെ ശീര്‍ഷകമില്ലാത്ത ഒരു കവിതയുടെ മലയാളപരിഭാഷ (1988):

കോലാഹലമയമാകും തെരുവിലലയുമ്പൊഴു-
മാളുതിങ്ങുമമ്പലത്തില്‍ കയറുമ്പൊഴും
കൂട്ടുകാരോടൊത്തു മേളിച്ചിടുന്നൊരു സമയത്തും
വേട്ടയാടുകയാണെന്റെ കിനാക്കളെന്നെ.

ഇത്രമാത്രം പറയുന്നേന്‍ : കുതിക്കുന്നു സമയമി-
ന്നെത്ര പേരിങ്ങവശേഷിച്ചിരിപ്പു നമ്മള്‍?
ചിലരാ ശാശ്വദപദമണഞ്ഞുകഴിഞ്ഞു, മറ്റു
ചിലരുടെ സമയമൊട്ടടുത്തിടുന്നു.

തഴച്ചു വളര്‍ന്നൊറ്റയ്ക്കു നിലകൊള്ളും മരത്തിനെ
മിഴിച്ചു നോക്കുന്നു ഞാന്‍; ഈ വൃക്ഷമുത്തച്ഛന്‍
എന്‍ പിതാക്കളുടെ കാലത്തിതുപോലെ നിലകൊണ്ടാന്‍,
എന്റെ കാലം കഴിഞ്ഞാലുമിതേ നില താന്‍!

ഓമനയാമൊരു കുഞ്ഞിനോടു ചേര്‍ന്നു കളിക്കുന്ന
നേരത്തു ഞാന്‍ വിചാരിപ്പൂ :- "വിട നല്‍ക നീ,
നിനക്കു വേണ്ടി ഞാന്‍ വഴിയൊഴിയുന്നു, സമയമാ-
യെനിക്കഴുകാന്‍, നിനക്കു വിടരുവാനും."

ദിനങ്ങളും വര്‍ഷങ്ങളുമോരോന്നായിക്കടന്നുപോ-
യിടുമ്പൊഴെന്‍ ചിന്തകളും കുന്നുകൂടുന്നു.
അവയ്ക്കിടയിലെത്തുന്ന മരണവാര്‍ഷികങ്ങളെ
ശരിക്കു കണ്ടെത്താനേറെപ്പണിപ്പെടുന്നു.

എവിടെ മരിച്ചുവീഴാനാണെനിക്കു വിധി? യുദ്ധ-
ക്കളത്തിലോ, വഴിയിലോ, സമുദ്രത്തിലോ?
അടുത്തുള്ള താഴ്‌വരയില്‍ ചിലപ്പോഴെന്‍ ശരീരത്തെ-
യടക്കിയേക്കാം - തണുത്തു പൊടിയായേക്കാം.

എങ്ങുതന്നെയായെന്നാലും നിര്‍ജ്ജീവമാമീ ശരീരം
മണ്ണായ്ത്തീരുമളിഞ്ഞീടുമെന്നിരിക്കിലും
എനിക്കു പ്രിയങ്കരമാമീയൂഴിയില്‍ത്തന്നെയെനി-
ക്കൊടുക്കവും കിടക്കണമെന്നാണാഗ്രഹം.

എന്റെ ശവകുടീരത്തിന്‍ മുകളില്‍ യഥേഷ്ടമേറെ-
പ്പിഞ്ചുകുഞ്ഞുങ്ങള്‍ ചാഞ്ചാടിക്കളിച്ചിടട്ടെ;
എന്നും സമദര്‍ശിയാകും പ്രകൃതിയാ പ്രദേശത്തെ
തന്‍ പ്രഭയില്‍ കുളിപ്പിച്ചു വിളങ്ങിടട്ടെ.

Thursday, May 05, 2005

കാത്തിരിക്ക (Konstantin Simonov)

I read Konstantin Simonov's beautiful poem "zhdee menyaa" (Wait for me) in English first. (The English translation in this link is not as good as the one I read first.) Touched by the English translation, I managed to read the original in 1986, using a Russian-English dictionary and a book on Russian grammar. It took around two weeks to read it, because I had never read anything in Russion, except introductory lessons and a few chess books. It was a marvellous experience. Read it several times. Checked the meaning with someone who knows Russian. Learned the original by full by heart.

This is a letter written by a soldier who is out in the battlefield to his sweetheart. Many soldiers sent this poem to their wives and sweethearts. It is recorded that many soldiers who died in the war that time had this poem in their pockets. It had a big impact on the youth during the war days in Russia.

On reading it more and more, I discovered more and more meanings. I concluded that this can be taken as a letter written by anybody to anybody, not only by a soldier to his sweetheart. It can be from/to a long-lost love, a former friend to a friend, an enemy to his enemy who he wants to kill, the religeous mind to the atheist mind of the same person - the possibilities are a lot.

Goethe said, "Learn Sanskrit, only to read Shakunthalam". I would say, learn Russian, only to read poems like this. It is worth the trouble.

Tried to translate this beautiful poem to Malayalam many a time. I wanted to preserve all those interpretations (Many English translations do not do this). Tried different kinds of meters and words. I am yet to write a translation that expresses at least 10% of the original. Here is my most favorite one (translated in 1988):


കാത്തിരിക്ക, വരും ഞാന്‍ - നീ
പൂര്‍ണ്ണഹൃത്തോടെ കാക്കണം
കാത്തിരിക്ക, കൊടും ദുഃഖം
മഴയായ്‌ തീര്‍ന്നു പെയ്കിലും

കാത്തിരിക്ക, കൊടും മഞ്ഞില്‍
ചീര്‍ത്ത വേനല്‍ ചുടുമ്പൊഴും,
മറ്റുള്ളോരേറെ നാളായി-
ക്കാത്തിക്കാതിരിക്കിലും,

ഇങ്ങു ദൂരത്തു നിന്നെന്റെ
കത്തു കിട്ടാതിരിക്കിലും,
കാത്തിരിക്കുന്നവര്‍ക്കൊപ്പം
കാത്തിരിക്ക, മടുക്കിലും.

കാത്തിരിക്ക, വരും ഞാന്‍ - നീ-
യേറെ നന്മ കൊതിക്കൊലാ
"മറക്കാന്‍ കാലമായ്‌" എന്നു
ചൊന്നേക്കാമറിവുള്ളവര്‍*

ഞാനില്ലെന്നു വിചാരിച്ചീ-
ടട്ടെയെന്‍ പുത്ര, നമ്മയും
കാത്തു സൂക്ഷിച്ചു വാതില്‍ക്കല്‍-
ത്തന്നെ നില്‍ക്കട്ടെ കൂട്ടുകാര്‍

കയ്ക്കും വീഞ്ഞു കുടിച്ചെന്നെ-
യോര്‍ക്കും കരുണയോടവര്‍
ശ്രദ്ധിക്കേണ്ട, കുടിക്കൊല്ലാ
ധൃതിയില്‍, കാത്തിരിക്ക നീ.


കാത്തിരിക്ക, വരും ഞാന്‍ - നീ
മൃതിയേയും ചെറുക്കുക.
എന്നെ വേണ്ടാത്തോരൊതട്ടേ
"ഭാഗ്യ"മെ - ന്നതു കേള്‍ക്കൊലാ

സുസ്ഥിരം നിന്നിടേണം നീ-
യഗ്നിമദ്ധ്യത്തിലെന്ന പോല്‍.
നമ്മളാശിച്ചിടും പോല്‍ ഞാന്‍
വന്നു നിന്നോടു ചേര്‍ന്നിടും.

രക്ഷപെട്ടീടുമീ ഞാനെ-
ന്നറിവോര്‍ നമ്മള്‍ മാത്രമാം.
മറ്റാര്‍ക്കും കഴിയാത്തോരാ-
ക്കാത്തിരു - പ്പതു ചെയ്ക നീ.



* ചൊന്നേക്കാം + അറിവുള്ളവര്‍, ചൊന്നേക്കാം + മറിവുള്ളവര്‍ എന്നു മൂലകവിതയിത്തന്നെയുള്ള രണ്ടര്‍ത്ഥം.